സന്തോഷം പെയ്ത ആഘോഷ രാവില്‍ യൂത്ത്ഫോറം ദോഹ മേഖല അണിയിച്ചൊരുക്കിയ പെരുന്നാള്‍ സന്തോഷം വരണ്ടുണങ്ങിയ പ്രവാസ യൌവ്വനത്തിന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചു. ഔപചാരികതകളുടെ കെട്ടുപിണക്കങ്ങളില്ലാതെ ലാളിത്യം തുളുമ്പിയ അന്തരീക്ഷത്തില്‍ യൂത്ത് ഫോറത്തിന്റെ അമരക്കാരന്‍, പ്രവാസ യുവതയുടെ നായകന്‍ സാജിദ് റഹ്മാന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ദോഹ മേഖല ആക്ടിങ്ങ് പ്രസിഡണ്ട് അലി ഹസ്സന്‍ ആമുഖം പറഞ്ഞു.
ആഘോഷ രാവില്‍ സംഗീതത്തിന്റെ പേമാരി പെയ്യിച്ചു കൊണ്ട് ദോഹയിലെ പ്രഗദ്ഭ ഗായകര്‍ അണിനിരന്ന "പാട്ട് വിരുന്ന്" സദസ്സിനെ ഇളക്കി മറിച്ചു. പഴയതും പുതിയതും വിവിധ ഭാഷകളിലുള്ളതുമായ ഗാനങ്ങള്‍ കൊണ്ട് യുവ ഗായകര്‍ ആസ്വാദ്യകരെ കയ്യിലെടുത്തപ്പൊള്‍ ശവ്വാലമ്പിളി വരെ അതില്‍ ലയിച്ചു പോയി. സലാഹ്, മുഹ്സിന്‍ ഷരീഫ്, ആരിഫ ഷരീഫ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ട് ഉസ്മാന്‍ മാരാത്തും സംഘവും വിസിറ്റ് വിസയിലെത്തിയ സാബിറിന്റെ ജീവിതവുമായി വേദി കയ്യടക്കിയപ്പോള്‍ പ്രവാസഭൂമികയില്‍ മനസ്സറിഞ്ഞ് ആര്‍ത്തു ചിരിക്കാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. കണ്ടു മടുത്ത ചാനല്‍ കോമഡി ഷോകളില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായി ഒരു തൊഴിലന്വേഷകനോട് സമൂഹം കാണിക്കുന്ന അവഗണന വരച്ചു കാട്ടുന്നതായി ആ അവതരണം
അറിവിന്റെ അഗാധതയിലേക്ക് യുവമനസ്സുകളെ നയിച്ച "ജീനിയസ് യൂത്ത്" പ്രോഗ്രാമില്‍ മൂന്നു ഗ്രൂപ്പുകളിലായി സി.ഇ.സി മെമ്പര്‍മാര്‍മാരും പ്രവര്‍ത്തകരും വനിതകളും അണിനരന്നപ്പോള്‍ ആവേശം വനോളമുയര്‍ന്ന മത്സരത്തിനൊടുവില്‍ ടൈബ്രേക്കറില്‍ വനിതകളില്‍ നിന്നും സി.ഇ.സി ടീം വിജയം കൊയ്തെടുത്തു.
യൂത്ത് ഫോറത്തിലെ മികച്ച ദമ്പതിമാരെ കണ്ടെത്താനുള്ള "മേഡ് ഫോര്‍ ഈച്ച് അദര്‍" റിയാലിറ്റി ഷോ കാണികളില്‍ കൌതുകവും ആവേശവും ഉളവാക്കി. ദമ്പതിമാര്‍ക്കിടയിലെ ചില പൊരുത്തമൊക്കാത്ത മറുപടികള്‍ ചിരിക്കും ചിന്തക്കും ഇട നല്‍കി. എങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് എന്തും വിജയിക്കാനുള്ള പ്രാഗദ്ഭ്യം ഉണ്ടെന്നവര്‍ തെളിയിച്ചു. റബീഅ സമാന്‍ ഷോ നിയന്ത്രിച്ചു.
ശബ്ദാനുകരണ കലയില്‍ പുതിയ പരീക്ഷണങ്ങളുമായി എത്തിയ ഷമീല്‍ കുറ്റ്യാടിയും പരിപാടിക്ക് പകിട്ടേകി.ഒടുവിലായി സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം സന്ദേശത്തിന്റെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും നടന്നു.
പരിപാടിക്കിടെ റിഫ്രഷ്മെന്റും സംഘാടകര്‍ ഒരുക്കിയിരുന്നു.
വലിയ മുന്നൊരുക്കമോ പ്രചരണമോ ഇല്ലാതെ തിടുക്കത്തില്‍ തയ്യാറാക്കിയതാണെങ്കിലും പരിപാടികള്‍ അതിന്റെ വൈവിധ്യത്താല്‍ ഒന്നിനൊന്നു മികവുറ്റതാക്കാന്‍ പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പരപ്പുമലിന്റെ നേത്രുത്വത്തിലുള്ള ടീമിനു കഴിഞ്ഞു. പ്രചരണമില്ലാതിരുന്നിട്ടും കടുത്ത ചൂടിനെ ത്രുണവത്കരിച്ച് ഒഴുകിയെത്തിയ പുരുഷാരം ആ കൊച്ചു സൌകര്യത്തിനുള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. വന്നവരില്‍ തന്നെ നല്ലൊരു ശതമാനം കുടുംബ സമേതമായിരുന്നു എന്നത് പരിപാടിയുടെ മാറ്റ് കൂട്ടി.
0 comments:
Post a Comment