ജനസേവനതല്പരരായ പൊതു പ്രവര്‍ത്തകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച്ചും ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള അറിവ് പകര്‍ന്ന് നിയമ പഠന ശില്‍പശാല.. യൂത്ത് ഫോറം ജനസേവന വിഭാഗം അംഗങ്ങള്‍ക്കായി "ഖത്തറിലെ തൊഴില്‍ നിയമങ്ങളും ഇന്ത്യന്‍ എമ്പസി സേവനങ്ങളും" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിയമത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയത്..തൊഴില്‍ നിയമത്തെ കുറിച്ച അജ്ഞതയും ഭാഷ പ്രാവീണ്യമില്ലായ്മയുമാണ്, ഭൂരിഭാഗം മലയാളികളും പല കേസുകളിലും പ്രതിയാകേണ്ടി വരുന്നതെന്നും ചെറിയ ഒരു കൈ സഹായത്തിലൂടെ ഇത്തരക്കാരെ അതില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ തലവന്‍ അഡ്വക്കറ്റ് ജാഫര്‍ ഖാന്‍ കേച്ചേരി പറഞ്ഞു. തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്ക് ഒരു സാധ്യതയുമില്ലാത്ത രീതിയിലുള്ള നിയമങ്ങളാണ് ഖത്തറില്‍ നിലവിലുള്ളത്. അശ്രദ്ധയും അജ്ഞതയും പലപ്പോഴും തൊഴിലാളികള്‍ക്ക് വിനയാകുന്നു. ഈ രംഗത്ത് തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ ബോധ വത്കരണം നടത്താന്‍ യൂത്ത് ഫോറം മുന്‍ കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എമ്പസ്സിയുടെ വിവിധ സേവനങ്ങളെ കുറിച്ചും എമ്പസ്സി വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും മ്രുതദേഹം (മയ്യത്ത്) പരിപാലനത്തെ കുറിച്ചും ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള ക്ലാസുകളും ചര്‍ച്ചകളും നടന്നു. യൂത്ത്ഫോറം ജനസേവന വിഭാഗം കണ്‍വീനര്‍ മജീദ് അലി അധ്യക്ഷത വഹിച്ചു.
0 comments:
Post a Comment