അനിയന്ത്രിതമായ നിരക്കു വര്‍ദ്ധന അടിക്കടിയുണ്ടാകുന്ന പൈലറ്റ് സമരം മുന്നറിയിപ്പില്ലാത്ത വിമാനം റദ്ദാക്കല്‍ തുടങ്ങി ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന വിവേചനത്തിനെതിരെയുള്ള സമരപ്രഖ്യാപന വേദിയായി യൂത്ത് ഫോറം "വേണം ഒരു ശാശ്വത പരിഹാരം" എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മാറി.
ആത്മാഭിമാനമുള്ള ഒരു സമൂഹത്തിന് സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള അവഗണനയാണ് എയര്‍ ഇന്ത്യ ഗള്‍ഫ് മലയാളികളോട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. ന്യായമായ ഈ അവകാശം നേടിയെടുക്കാന്‍ സമര രംഗത്തിറങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്നും ഇനിയും മറ്റൊരാളെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഴുവന്‍ പ്രവാസി സമൂഹവും തങ്ങളെ അപമാനിക്കുന്ന ഈ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം വലിപ്പത്തെ കുറിച്ച് ബോധവാനല്ലാത്ത ആനയുടെ അവസ്ഥയാണ് പ്രവാസിയുടെതെന്നും ആരോ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാനല്ലാതെ അടിസ്ഥന ആവശ്യങ്ങള്‍ക്കു പോലും പ്രതികരിക്കാനറിയാത്തവരായി മാറിയതിനാലാണ് ഈ കൊള്ളയ്ക്ക് പ്രവാസി വിധേയനാകുന്നതെന്നും വിഷയാവതരണം നടത്തിയ യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഷബീര്‍ കളത്തിങ്ങല്‍ പറഞ്ഞു. ഒരു മൂന്നാം കിട രാജ്യത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ ഒന്നാം കിട രാജ്യങ്ങളെ വെല്ലുന്ന പുരോഗതിയും അടിസ്ഥന സൌകര്യവും ഒരുക്കിയത് ഈ നാട്ടിലെ ഭരണാധികാരികളുടെ മിടുക്കു കൊണ്ട് മാത്രമല്ലെന്നും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമാണെന്നുമുള്ള കാര്യം പ്രവാസികളുടെ പ്രശനത്തില്‍ ഇടപെടാത്ത രാഷ്ട്രീയ നേത്രുത്വം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് 7 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷത്തില്‍ വരുമാനമായി നല്‍കിക്കൊണ്ടിരിക്കുന്ന 30 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ അടിസ്ഥാന ആവശ്യമായ യാത്ര സൌകര്യം പോലും ഒരുക്കിക്കൊടുക്കാന്‍ കൂട്ടാക്കത്തവര്‍ക്കെതിരെ കക്ഷിഭെധമന്യേ അണിനിരക്കണമെന്നും നാം പ്രതികരിക്കാത്തിടത്തോളം കാലം ഇതു പരിഹരിക്കപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെയും എയര്‍ ഇന്ത്യയുടെയും കണ്ണില്‍ ഗള്‍ഫ് മലയാളികള്‍ എന്നത് ചൊവ്വാ ദോശക്കാരാണ്,. അതിനാലാണ് നമ്മളെ അവഗണിക്കുന്നതെന്ന് തുടര്‍ന്നു സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട കൊള്ളയടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഗള്‍ഫ് പ്രവാസികളുടേത്. യൂസേര്‍സ് ഫീക്കെതിരെ സന്ധിയില്ലാ സമരം നടത്തി കൊടിയ പീഠനങ്ങള്‍ ഏറ്റുവാങ്ങി വിജയം വരിച്ച തന്റെ അനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ച അദ്ദേഹം അത്തരത്തിലൊരു പോരാട്ടം യാത്രാ ദുരിതം പരിഹരിക്കുന്നതില്‍ യൂത്ത്ഫോറത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ നാലു കമ്പനികള്‍ക്ക് വരെ ഖത്തറിലേക്ക് സര്‍വ്വീസ് നടത്താന്‍ ഇവിടുത്തെ ഗവണ്‍മെന്റിന്റെ അനുമതിയുണ്ടായിട്ടും അതു തുടങ്ങുന്നതിന് തുരങ്കം വെക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും അവര്‍ക്കു വേണ്ടി സംസാരിക്കാനും മറ്റാരും ഉണ്ടാകില്ലെന്നും ഇവിടെ വന്ന് നമ്മുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ നാട്ടിലെത്തിയാല്‍ നമ്മുടെ കാര്യം മറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫോറത്തിന്റെ ഈ വിഷയത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
വകുപ്പു മന്ത്രിമാര്‍ പോലും കയ്യൊഴിഞ്ഞ ഗള്‍ഫ് പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഒരു ശക്തമായ ജനരോഷമുണ്ടായാലേ അധിക്രുതരുടെ ഭാഗത്തു നിന്നും പരിഹാരം ഉണ്ടാകൂ എന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്ഞ്ചേര്‍സ് അസോസിയേഷന്‍ (ഗപാക്) ജനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി അഭിപ്രായപ്പെട്ടു. മലയാളികളോടുള്ള വിശിഷ്യാ മലബാറിനോടുള്ള നിരന്തരമായ എയര്‍ ഇന്ത്യയുടെ അവഗണനയില്‍ കഴിഞ്ഞ കുറെ കാലമായി ഗപാക് സമര രംഗത്താണെന്നും കുറെ കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും പുതിയ സാഹചര്യത്തില്‍ ഒരു യോജിച്ച പ്രക്ഷോഭത്തിന് യൂത്ത് ഫോറവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിസ്സാരകാര്യത്തിനു പോലും ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ അവരെ താങ്ങി നിര്‍ത്തുന്ന പ്രവാസികളുടെ ഈ മൌലികമായ ആവശ്യത്തോട് മൌനം വെടിഞ്ഞ് വേണ്ടവിധം പ്രതികരിക്കണമെന്ന് യുവ കലാ സാഹിതി വൈസ് പ്രസിഡണ്ട് യേശുദാസന്‍ പറഞ്ഞു. വിട്ടു വീഴ്ചയില്ലാത്ത പൊരാട്ടത്തിലൂടെ മാത്രമേ ഈ ദുരിതത്തില്‍ നിന്നും ഒരു മോചനം സാധ്യമാകൂ. നാട്ടിലേക്ക് ഒരു ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ജീവിതത്തിലെ പല നല്ല മുഹൂര്‍ത്തങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നവര്‍ ഈ ന്യായമായ ആവശ്യത്തിനു പിന്നിലുണ്ടാകുമെന്നും എന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ യാത്ര പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഗള്‍ഫ് മലയാളികളുടെ സ്വപ്നമായ കേരള എയര്‍ പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണമെന്നും വിമാനക്കമ്പനികളുടെ കുത്തക അവസ്സനിപ്പിക്കാനും നിരക്കു വര്‍ദ്ധന പിടിച്ചു നിര്‍ത്താനും ഗള്‍ഫ് കൊച്ചി കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കണമെന്നും യാത്ര ദുരിതത്തിന് അറുതി വരുത്താന്‍ കക്ഷി ഭേദമന്യേ ഒന്നിച്ചു പോരാടാന്‍ ആഹ്വാനം ചെയ്തും പ്രതിഷേധ സംഗമത്തില്‍ പ്രമേയം പാസാക്കി. അനസ് ബഷീര്‍ പ്രമേയം അവതരിപ്പിച്ചു.
0 comments:
Post a Comment