ജാഗ്രത തുടരുക; വികസനം വിനാശമാവാതിരിക്കാന്‍

(യൂത്ത്‌ ഫോറം ദോഹ മേഖല 'എമര്‍ജിംഗ് കേരള: ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ഷഫീഖ് പരപ്പുമ്മല്‍ നടത്തിയ വിഷയാവതരണം) 
 
പതിവ് വിവാദ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ എമര്‍ജിംഗ് കേരള ആഘോഷപൂര്‍വ്വം സമാപിച്ചു. ഗംഭീരവിജയമെന്ന് ഭരണപക്ഷവും ദയനീയ പരാജയമെന്ന് പ്രതിപക്ഷവും പേറ്റന്റ് വിശേഷങ്ങളുടെ ബലത്തില്‍ അവകാശപ്പെടുകയും ആരോപിക്കുകയും ചെയ്തു. മുതലാളിമാരും പുത്തന്‍ ബിസിനസുകാരും മുഖ്യധാര മാധ്യമങ്ങളോടൊപ്പം തുള്ളിച്ചാടി. ഇടത്തരക്കാര്‍ വരാന്‍ പോകുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങളില്‍ തങ്ങളുടെ മക്കള്‍ക്ക്‌ ഇടമുണ്ടാക്കാന്‍ ശുപാര്‍ശക്കാരെ തേടിത്തുടങ്ങി. ആരവങ്ങള്‍ക്കിടയില്‍ കോരനും കുടുംബവും കുമ്പിളും കുത്തിപ്പിടിച്ച് മാനത്തേക്ക്‌ നോക്കി അന്തംവിട്ടു. 

എമര്‍ജ് എന്ന ആംഗലേയ വാക്കിന്റെ അര്‍ഥം ഉയര്‍ന്നു വരിക, ആവിര്‍ഭവിക്കുക, ഉദിക്കുക എന്നൊക്കെയാണ്. എമേര്‍ജിംഗ് കേരള എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് എന്ന് തന്നെയാണ് ഉദ്ദേശം. അഥവാ കേരളം അനുഭവിക്കുന്ന ഒരുപാട് പ്രശങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് എമേര്‍ജിംഗ് കേരള. തീരദേശ ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, ടൂറിസം, ഐടി, വിദ്യാഭ്യാസം തുടങ്ങി ഇരുപതിലധികം മേഖലകളില്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച് അതുവഴി പുതിയ പദ്ധതികള്‍ രൂപപ്പെടുത്തി കേരളത്തെ മാറ്റിപണിയുകയാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അമ്പത്തിരണ്ടു രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. അമ്പത്തിയാറ് രാജ്യങ്ങള്‍ പിന്നീട് മുപ്പത്തിയാറായി മാറിയെങ്കിലും ആത്മവിശ്വാസത്തിനു ആര്‍ക്കും തെല്ലും കുറവുണ്ടായിരുന്നില്ല. എന്നാല്‍ മഹാമഹത്തിനു ശേഷം 45000 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ വാഗ്ദാന സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു എന്ന പ്രസ്താവനയും പിന്നീട് 'വല്യ അടക്കയോളം വലുപ്പമുള്ള തേങ്ങയായി' വാഗ്ദാന സംഖ്യ 27000 കോടിയായി കുറഞ്ഞ വാര്‍ത്താകുറിപ്പും മാധ്യമങ്ങളുടെ രണ്ടു ദിവസങ്ങളിലെ തലക്കെട്ടുകളില്‍ വൈരുധ്യങ്ങളായി മുഴുച്ചു നിന്നു. മുഖ്യമന്ത്രിയും വ്യവസായ - ധന മന്ത്രിമാരും തങ്ങളുടെ ആശയക്കുഴപ്പം പരസ്യമായി പ്രകടിപ്പിച്ചു. ഫോക്സ് വാഗന്റെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും യൂസുഫലിയുടെ നാലായിരം കോടിയുടെ വേറിട്ട പദ്ധതിയും എമര്‍ജിംഗിനിടയില്‍ എന്തൊക്കെയോ മെര്‍ജ് ചെയ്യപ്പെടുന്ന പ്രതീതി ഉളവാക്കി. അങ്ങിനെ ഇന്ത്യ തിളങ്ങുന്നുവെന്ന പഴയ എന്‍ഡിഎ സര്‍ക്കാരിന്റെ പരസ്യ വാചകം പോലെ എമര്‍ജിംഗ് കേരളയും മാറി എന്നാണ് വിമര്‍ശകരുടെ ആരോപണം.

പതം പറഞ്ഞും പിണക്കം നടിച്ചും എമര്‍ജിംഗ് കേരളയുടെ വേദിയില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക്‌ ചോദിക്കാനുള്ളത്‌ ആവര്‍ത്തനവിരസമായ പഴയ ചോദ്യം തന്നെയാണ്. "കേരളം വികസിക്കെണ്ടേ?" ചോദ്യം പഴയതെങ്കിലും കഴമ്പുള്ളതാണ്. കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ പലതും വികസനത്തിന്റെ വിവിധ മേഖലകളില്‍ മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം പുതിയ സംരംഭങ്ങളോ വ്യവസായങ്ങളോ വരാതെ പോകുന്നതിലുള്ള ആശങ്കകള്‍ അസ്ഥാനത്തല്ല. അപ്പോള്‍ പിന്നെ അടുത്ത ചോദ്യം 'കേരളം എങ്ങനെ വികസിക്കണം' എന്നതാവണം. ആ ചോദ്യവും അതിന്റെ ഉത്തരവും നമ്മുടെ നാട്ടില്‍ തന്നെ രൂപപ്പെടണം. അല്ലാതെ അമേരിക്കയോ ജപ്പാനോ ഗള്‍ഫ്‌ രാജ്യങ്ങളോ നോക്കി നമ്മുടെ സംസ്ഥാനം ഇങ്ങനെ വികസിക്കാത്തതെന്തേയെന്നു ചോദിക്കുന്നത് തികച്ചും ബാലിശമാണ്. അഥവാ വികസനം എന്ന വാക്കിനെ വ്യാഖ്യാനിക്കുന്നിടത്താന് പ്രശ്നങ്ങളുടെ തുടക്കം. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ എന്താണെന്ന ചോദ്യത്തിന് ആദ്യം വരേണ്ട ഉത്തരം അതിവേഗ റെയില്‍വേയും എക്പ്രസ് ഹൈവേയുമാണെന്ന് ആരൊക്കെയോ ചേര്‍ന്ന് നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ നിരവധി ചെറുപ്പക്കാരാണ് ദിനേനെ തൊഴില്‍ തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നത്. അവര്‍ക്ക്‌ കേരളത്തില്‍ മികച്ച തൊഴിലവസരങ്ങള്‍ തുറക്കപ്പെടണം. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക്‌ പകരം കുറ്റമറ്റ റോഡുകള്‍ വരണം. വരാന്തകളില്‍ പോലും സ്ഥലമില്ലാത്ത വിധം തിങ്ങി ഞെരുങ്ങുന്ന സര്‍ക്കാരാശുപത്രികളുടെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാവണം. കേരളത്തെ വിഴുങ്ങുന്ന മാലിന്യ പ്രശങ്ങള്‍ പരിഹരിക്കപ്പെടണം. ഇങ്ങനെ നൂറു നൂറു ആവശ്യങ്ങള്‍ നമുക്കുണ്ട്. ഇവയൊക്കെയും പരിഹരിക്കുവാന്‍ എമര്‍ജിംഗ് കേരളക്ക് സാധിക്കുമെങ്കില്‍ അത്രയും നല്ലത്. 

പക്ഷേ സംഭവിക്കുന്നത് അങ്ങിനെയാണോ? ആദ്യം പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്നും മുപ്പത്തിയെട്ടു പദ്ധതികള്‍ സര്‍ക്കാരിന് പൊടുന്നനെ പിന്‍വലിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ധര്‍മടം തുടങ്ങിയ പദ്ധതികള്‍ പിന്‍വലിച്ച ശേഷം വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്‌ എന്തിനാണ്? നിശാക്ലബ് അടക്കമുള്ള വിവാദ പദ്ധതികള്‍ ലിസ്റ്റില്‍ ഇടം നേടിയത്‌ എങ്ങിനെയാണ്? ഈ പദ്ധതികള്‍ തട്ടിക്കൂട്ടി 'ഷോക്കേസില്‍' വെച്ചത് ആരുടെ ഏജന്റുമാരാണ്? അതാണ്‌ നേരത്തെ പറഞ്ഞത്‌, നമ്മുടെ നാട്ടിലെ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നിന്നും രൂപപ്പെടണമെന്ന്. നാലുവരി പാതകളും നക്ഷത്ര ഹോട്ടലുകളും ടൂറിസ്റ്റ്‌ കോട്ടേജുകളും കേരളത്തില്‍ നിറഞ്ഞാല്‍ കേരളം എമര്‍ജ് ചെയ്യപ്പെടുമെന്ന് തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്ത ഒരു പറ്റം ബ്യൂറോക്രാറ്റുകള്‍ കേരളത്തിന്‌ വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്താലുള്ള കുഴപ്പമാണിത്. വകുപ്പ്‌ സെക്രട്ടറിമാരായും പ്രൈവറ്റ് സെക്രട്ടറിമാരായും പദവികള്‍ അലങ്കരിക്കുന്നവര്‍ക്ക്‌ കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയാതെ പോവുന്നു എന്നത് തന്നെയാണ് പ്രശ്നം. അതുകൊണ്ടാണ് വിഭാവനം ചെയ്യുന്ന റോഡുകള്‍ ബി ഓ ടിക്ക്‌ തീരെഴുതപ്പെടുന്നത്.  നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളെ മറന്ന് പണക്കാര്‍ക്ക് മാത്രം ചികില്‍സ ലഭിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി കോടികള്‍ മാറ്റിവെക്കുന്നത്. പുഴയും തോടും വയലുകളും മറന്ന് ഭൂമി വിതരണം ത്വരിതപ്പെടുന്നത്. കേരളത്തില്‍ എത്ര പുഴകളുണ്ടെന്ന്, എത്ര വയലുകള്‍ ഉണ്ടെന്ന്, എത്ര വനവും സംരക്ഷിത മേഖലകളും ഉണ്ടെന്ന് അറിയാത്ത ഉദ്യോഗസ്ഥരാണ് കേരള വികസന രൂപരേഖ തയ്യാറാക്കാന്‍ നിയോഗിക്കപ്പെടുന്നത് എന്നത് നമ്മെ സംബന്ധിചിടത്തോളം കൌതുകകരമല്ല. കരിമണലും ജലമൂറ്റലും എവിടെയൊക്കെ എത്രത്തോളം എന്ന് തീരുമാനിക്കുന്നവര്‍ക്ക് പോലും കേരളത്തിന്റെ പ്രകൃതി ഭൂപടത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതും അത്ഭുതകരമല്ല. വി എം സുധീരനെ പോലുള്ള ജനപക്ഷത്തു നില്‍ക്കുന്ന നേതാക്കള്‍ ഇടക്കിതൊക്കെയും ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രം നിയമിക്കപ്പെടുന്ന വിദഗ്ധ സംഘത്തിനു പോലും കേരള പരിസ്ഥിതിയെ കുറിച്ച് ഒന്നുമറിയില്ല, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാറില്ല. ഏതോ ശിപാര്‍ശക്കത്തിന്റെ പിന്‍ബലത്തില്‍ ജോലി അടിച്ചെടുത്തവര്‍ക്ക്‌ തങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധമില്ലാതെ പോവുന്നത് കുറ്റകരമല്ലല്ലോ. ഇനി പി എസ് സി വഴി നിയമനം നേടിയ സാധാരണ ഉദ്യോഗസ്ഥരാണെങ്കില്‍ പറയുകയും വേണ്ട. ബസ്‌ യാത്രക്കാര്‍ക്ക്‌ കണക്ക്‌ തെറ്റാതെ ടിക്കറ്റ് മുറിച്ചു നല്‍കാനായി നിയമിക്കപ്പെടുന്ന കെ എസ് ആര്‍ ടി സി കണ്ടക്ടരെ തെരഞ്ഞെടുക്കുന്ന എഴുത്ത് പരീക്ഷയില്‍ പി എസ് സി ചോദിക്കാറുള്ളത്‌ രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷമാണല്ലോ! 

ഇതുപോലൊരു പാനിപ്പത്ത് ചോദ്യത്തിന് ഉത്തരമെഴുതിയാവണം നമ്മുടെ മൊണ്ടേസിംഗ് അഹ്ലുവാലിയയും ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. കേരളത്തെ കുറിച്ചോ കേരളീയരെ കുറിച്ചോ കക്ഷിക്ക് ഒരു ബോധ്യവുമില്ല. അല്ലെങ്കില്‍ നല്ല പാലക്കാടന്‍ മട്ടയും തിന്ന് ഏമ്പക്കം വിട്ടിരിക്കുന്ന കേരളീയരുടെ മുഖത്ത് നോക്കി നെല്‍കൃഷി കേരളത്തിന്‌ പറ്റിയതല്ലെന്ന് പറയുമോ! പക്ഷെ ഈ പ്രസ്താവനയോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ് നമ്മുടെ വ്യവസായ വകുപ്പിന്റെ ആവശ്യം. തരിശായി കിടക്കുന്ന വയലുകള്‍ നികത്താന്‍ അനുവാദം നല്കണമത്രേ!  ആവശ്യം ബന്ധപ്പെട്ടവര്‍ തള്ളി എന്നാണു ഫോളോഅപ്പ് വാര്‍ത്ത. എന്നാലും ഈ രണ്ടു പ്രസ്താവനകളും ചേര്‍ത്ത് വായിച്ചാല്‍ ബോധപൂര്‍വമായൊരു അഭ്യാസമായിരുന്നു രണ്ടുമെന്നു വ്യക്തമാവും. ചാത്തനേറ് പ്രചരിപ്പിച്ചു ചുളുവിലയ്ക്ക് പുരയിടം സ്വന്തമാക്കുന്ന ജ്യോല്സ്യന്റെയും ബ്രോക്കരുടെയും നാലാം കിട പരിപാടിയാണ് അഹ്ലുവാലിയയും വ്യവസായവകുപ്പും ചേര്‍ന്ന് നടത്തിയതെന്നു ചുരുക്കം. എമര്‍ജിങ്ങില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ പലതും അമിതമായ പ്രകൃതി ചൂഷണം മുഖേന മാത്രമേ പൂര്‍ത്തിയാവൂ എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍. എമര്‍ജിമ്ഗ് കേരളയിലെ പദ്ധതികളുടെ നടത്തിപ്പിന് വേണ്ടി നിയമ ഭേദഗതികള്‍ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടി പുറത്തു വന്നതോടെ ഇക്കാര്യത്തിലുള്ള ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്.

പ്രവാസികളുടെ പദ്ധതികളാണ് പ്രതീക്ഷകളായി ബാക്കി നില്‍ക്കുന്നത്‌. അതില്‍ തന്നെ എയര്‍ കേരളയാണ് പ്രധാനം. പക്ഷെ ഇതടക്കമുള്ള പ്രവാസികളുടെ പദ്ധതികള്‍ക്ക്‌ എമര്‍ജിംഗ് കേരള എന്നാ ആര്‍ഭാടം വേണ്ടിയിരുന്നോവെന്ന ചോദ്യം പ്രസക്തം തന്നെയാണ്. കാരണം എയര്‍ കേരള സാക്ഷാത്കരിക്കപ്പെടുമെങ്കില്‍ ഇരുനൂറു കോടിയല്ല രണ്ടായിരം കോടി തന്നെ മുടക്കാന്‍ പ്രവാസികള്‍ എന്നേ ഒരുക്കമാണ്. അതിനാവട്ടെ കേവലം ഒരു പത്രപരസ്യം മാത്രം മതിയാവുമായിരുന്നത്ര വൈകാരികാവസ്ഥയിലാണ് പ്രവാസികള്‍.

ഇപ്പോള്‍ നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിച്ചുവെന്നു പറയുന്ന പദ്ധതികളുടെ അടുത്ത ചുവടുവെപ്പുകള്‍ നോക്കി വേണം അവയെ വിലയിരുത്താന്‍. ഇപ്പോള്‍ നടന്നത് ഒരു അഭിപ്രായ രൂപീകരണവും പദ്ധതികളുടെ പരസ്യ പ്രചാരണവും വാഗ്ദാന സ്വരൂപണവും മാത്രമാണെന്ന ഗവന്മേന്റ്റ്‌ നിലപാട് തല്‍ക്കാലം വിശ്വാസത്തിലെടുക്കാം. കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ചുള്ള പദ്ധതി നടത്തിപ്പിന് അവര്‍ തന്നെ മുന്‍കൈ എടുക്കുമെന്നും പ്രതീക്ഷിക്കാം. പക്ഷെ, സുധീരന്‍ അടക്കമുള്ള ഭരണ പക്ഷത്തെ തിരുത്തല്‍ ശക്തികളും പരിസ്ഥിതി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അടങ്ങുന്ന പ്രതിപക്ഷ സംഘങ്ങളും തങ്ങളുടെ കണ്ണും കാതും കൂര്‍പ്പിച്ചു വെച്ചു കൊണ്ടേ ഇരിക്കണം. എതിര്‍ക്കുന്നവരോക്കെയും വികസന വിരോധികളാണെന്ന പഴംപറച്ചിലിന് അല്പം ശമനമുള്ള, ഇതുവരെ പ്രകൃതിയെ കുറിച്ച് മിണ്ടാത്തവര്‍ പോലും പരിസ്ഥിതിക്ക് വേണ്ടി പാര്‍ട്ടിയില്‍ ഉപഘടകങ്ങള്‍ രൂപീകരിക്കുന്ന സമകാലിക കേരളത്തിന്റെ ഇതേ ജാഗ്രതയാണ്‌ ഒരൊറ്റ ദിനം കൊണ്ട് എമര്‍ജിംഗ് കേരളത്തിലെ മുപത്തിലധികം പദ്ധതികളെ നിലംപരിശാക്കിയത്. അവരുടെ ജാഗ്രതാ പൂര്‍ണമായ ഇടപെടലുകളും കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നു വരുന്ന മണ്ണിനും മനുഷ്യനും വേണ്ടിയുല്‍ നൂറുക്കണക്കിന് സമരങ്ങളുമാണ് ഷോകേസ് ചെയ്യപ്പെട്ടിട്ടും പല പ്രകൃതി ചൂഷക പദ്ധതികളും വിദേശികള്‍ തൊടാതെ പോയതിന്റെ കാരണവും. കേരളത്തിന്‌ വേണ്ടി യുക്തിഭദ്രമായി ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികളെ കക്ഷി രാഷ്ട്രീയ ഇഗോകള്‍ മാറ്റിവെച്ചു കൊണ്ട് പിന്തുണക്കാനും അല്ലാത്തവയെ എതിര്‍ത്തു തോല്‍പ്പിക്കാനും നമുക്ക്‌ കൈകോര്‍ക്കാം. പച്ചപ്പും മനുഷ്യത്വവും നിറം മങ്ങാത്ത വികസനങ്ങള്‍ കൊണ്ട് കേരളം ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ എന്ന് നമുക്കാശിക്കാം, ആശംസിക്കാം.
 
കടപ്പാട്:  www.shradheyan.com

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons