മ'അദനിക്ക് നീതി ലഭ്യമാക്കണം - പ്രവാസി സംഘടനകള്‍ 



പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള നീതിനിഷേധം മനുഷ്യത്വത്തെയൂം ജനാധിപത്യത്തെയും അപകടപ്പെടുത്തുന്നതാണെന്നും കോടതി നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ഖത്തറിലെ വിവിധ പ്രവാസി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅ്ദനിക്ക് സമാന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നത് ദു:ഖകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അനുവദിക്കുന്നില്ല. വിചാരണത്തടവിന്‍െറ പേരില്‍ ജയിലറകളില്‍ ഹോമിക്കപ്പെട്ട അദ്ദേഹത്തിന്‍െറ പത്ത്വര്‍ഷത്തെ യൗവ്വനത്തോട് ജനാധിപത്യ സമൂഹം കടപ്പെട്ടിരിക്കെ ജാമ്യം പോലും നിഷേധിക്കപ്പെടുന്ന മറ്റൊരു വിചാരണ തടവ് ഗുരുതരമായ പൗരാവകാശ ലംഘനവും ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ അന്തസ്സത്തയെ ചോര്‍ത്തിക്കളയുന്നതുമാണ്. അടിയന്തര മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങളും മനുഷ്യാവകാശ സംഘനകളും ആവശ്യപ്പെട്ടിരിക്കെ പ്രവാസി സമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.
മഅ്ദനി നേരിടുന്ന മനുഷ്യാവകാശലംഘനത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പൗരാവകാശം നിഷേധിക്കപ്പെടുന്നത് ഭീതിജനകമാണെന്നും ഇതിലേക്ക് മലയാളി പ്രവാസി സമൂഹത്തിന്‍െറ ശ്രദ്ധ പതിയണമെന്നും പ്രസ്താവനയില്‍ പറയുന്നു. ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഇന്‍കാസ്), പി.എന്‍ ബാബുരാജ് (സംസ്കൃതി), പി.എസ്.എച്ച് തങ്ങള്‍ (കെ.എം.സി.സി), കെ.ടി അബ്ദുറഹ്മാന്‍ (ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍), കെ.എന്‍ സുലൈമാന്‍ മദനി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍), കെ.ടി ഫൈസല്‍ (ഖത്തര്‍ മുസ്ലിം ഇസ്ലാഹി സെന്‍റര്‍), അബ്ദുസലാം കൂട്ടായ് (പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം), എം.എം മൗലവി (ഐ.എം.സി.സി), സാജിദ്റഹ്മാന്‍ എം.എ (യൂത്ത് ഫോറം), ത്വാഹിര്‍ പി. (മാക് ഖത്തര്‍), സുധീര്‍ അബൂബക്കര്‍ (എഡ്മാഖ്), മുഹമ്മദലി പേള്‍ (മംവാഖ്), റഷീദ് അഹമദ് (സൗത്ത് കേരള ഇസ്ലാമിക് അസോസിയേഷന്‍), അബ്ദുറഹ്മാന്‍ എച്ച്. (മാപ് ഖത്തര്‍), ഷമീര്‍ വലിയവീട്ടില്‍ (ഫോകസ് ഖത്തര്‍), അബൂബക്കര്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്‍റര്‍), അബ്ദുറഷീദ് വി.എ (തൃശൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons