ഖത്തറിലെ മരുഭൂമിയിലെ ഒറ്റപ്പെട്ട മരുപ്പച്ചകള്‍ തേടിപ്പോയി ഒരു ചെറു കൂട്ടം ചെറുപ്പക്കാര്‍.
ആട്ടിന്‍ പറ്റങ്ങളെ മേച്ചും  ഒട്ടകക്കൂട്ടങ്ങള്‍ക്കൊപ്പം ജീവിച്ചും, അങ്ങകലെയുള്ള ജീവിതങ്ങള്‍ തഴച്ചുവളരാന്‍ മരുഭൂമിയോട് മല്ലിടുന്ന
ഒത്തിരിപ്പേരെ അവരവിടെ കണ്ടു. മണല്‍ക്കാട്ടിലെ കൊടും തണുപ്പ് കേട്ടറിവ് മാത്രമുള്ളവര്‍ അവര്‍ക്ക് സമ്മാനിക്കാന്‍ കുറച്ച്
ശൈത്യകാല തുണിത്തരങ്ങള്‍ കൂടെ കരുതിയിരുന്നു . കുറച്ചേ ഞങ്ങളുടെ കയ്യിലുള്ളു, വളരെ അത്യാവശ്യമുള്ളവര്‍ക്ക്, ഏറെ
അര്‍ഹതപ്പെട്ടവര്‍ക്കിത് നല്കണം , നിങ്ങളിതിനു അര്‍ഹാരാണോ , തൊഴിലുടമ തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള വസ്ത്രമൊക്കെ
നല്‍കാറുണ്ടോ എന്നുള്ള വര്‍ത്തമാനങ്ങള്‍ക്ക് നിറമിഴികള്‍ മാത്രം മറുപടി നല്‍കി .  ‍
ആഴ്ചയിലൊരിക്കലോ മറ്റോ വരുന്ന സ്പോണ്‍സറുടെ വാഹനത്തിലെ മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജു ചെയ്തു നാട്ടിലെ വിശേഷങ്ങള്‍ തിരക്കാറുള്ള ഇവര്‍ മരുപ്പറമ്പ് ചുട്ടുപഴുക്കുന്ന വേനല്‍ക്കാലത്ത് ഒന്ന് തണുത്തുകിട്ടാന്‍ എന്താവോ ചെയ്യുക ? ഡിസംബറിനെ കാത്തിരിക്കുമായിരിക്കും !!!   നാട്ടില്‍ നിന്ന് വിമാനം കയറിയ ഇവര്‍  ഇവിടത്തെ പോര്‍ട്ടില്‍ നിന്നും നേരെ എത്തുന്നത് മസറകളിലേക്കാണ് . ആടുകള്‍ക്കും പ്രാവുകള്‍ക്കും ഒട്ടകങ്ങള്‍ക്കും, കുറെ പച്ചക്കറികള്‍ക്കും വേണ്ടി ജീവിക്കുന്നു ഇവരിവിടെ .  ഒപ്പം കഴിയുന്നവരുടെ   മുഖങ്ങള്‍ മാത്രം   വര്‍ഷങ്ങളായി  കാണുന്നവര്,‍ ചെറിയ പരിഭ്രമത്തോടെ മാത്രം സംസാരിക്കാന്‍ അറിയാതെ  ശീലിച്ചു പോന്നിരിക്കുന്നു . കയ്യില്‍ കിട്ടിയ കമ്പിളി വസ്ത്രം നെഞ്ചോടു ചേര്‍ത്ത് പിടിക്കുമ്പോള്‍ നിറഞ്ഞ ചിരി അവരുടെ മുഖങ്ങളെ കുഞ്ഞുങ്ങളുടെത് പോലെ മനോഹരമാക്കി . ഒരിക്കലും തങ്ങളെ തേടി അഥിതികള്‍ വരാരില്ലെന്ന് പറഞ്ഞവര്‍ പക്ഷെ ആട്ടിനെ കറന്നു ചായയുണ്ടാക്കി ആവും വിധം സല്കരിക്കാന്‍ മറന്നില്ല. കദനം മാത്രമാണ് കഥകള്‍ . കരളലയിപ്പിക്കും ജീവിതങ്ങള്‍ . സിവിലൈസ്ട് ജീവിത പരിസരങ്ങളിലെക്ക്, അമ്പരച്ചുംബികളെ അതിര്‍ത്തി നിര്‍ത്തുന്ന അതിവേഗ പാതകളിലേക്ക് ഫോര്‍വീല്‍ വാഹനങ്ങള്‍ കുതിച്ചു പായുമ്പോള്‍ പിന്നിട്ട കാഴ്ചകള്‍, പളപളപ്പേറിയ മുന്‍പിലെ കാഴ്ചകളെ മങ്ങി മാത്രം കാണിച്ചു. ഇനിയും വരണം ,,, വീണ്ടും കാണാം ...   കാണണം ഈ ജീവിതങ്ങളെ ; എങ്കിലേ ജീവിച്ചിരിക്കുന്നതിനു തെളിവുണ്ടാകൂ .

by Anas Basheer Kaniyapuram