കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളെക്കുറിച്ച് പ്രചരിപ്പിച്ചിരുന്ന യുവാക്കള്‍ നിഷ്‌ക്രിയരാണെന്ന വാദം ഒരു കെട്ടു കഥയാണെന്ന് വര്‍ത്തമാനലോകം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പറഞ്ഞു. യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നടന്ന വിപ്ലവങ്ങളുടെയും നവോത്ഥാനങ്ങളുടെയും മുഖ്യകാരണം മാറ്റത്തോടുള്ള യുവാക്കളുടെ അടങ്ങാത്ത ആഗ്രഹമാണ്. അത് പുതിയ കാലത്ത് അതിനൂതനമായ രീതിയില്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതിനാണ് നാമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക ചുറ്റുപാടുകളില്‍ അസംതൃപ്തരായ യൂവാക്കള്‍ ഉണര്‍ന്നെണീറ്റപ്പോളാണ് ലോകത്ത് വിപ്ലവങ്ങളുണ്ടായത്. പാശ്ചാത്യന്‍ നാഗരികത പ്രയോഗതലത്തില്‍ പരാജയപ്പെട്ടതായിരുന്നു യുവാക്കളെ പുതിയ അന്വേഷണങ്ങളിലേക്കും സാമൂഹിക ഇടപെടലുകളിലേക്കും എത്തിച്ചത്.
ഇന്ന് കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് യുവാക്കളാണ്. കുടിവെള്ളത്തിനും മാലിന്യമില്ലാത്ത വായുവിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ ഇവര്‍ മുന്നില്‍ നില്‍ക്കുന്നു. ചരിത്രത്തില്‍ പരമ്പരാഗത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് യുവാക്കള്‍ സര്‍ഗാത്മ രീതിയില്‍ പ്രതികരിക്കാനാരംഭിച്ചത്. വിവിധ സമൂഹങ്ങള്‍ സാമൂഹ്യ സമരങ്ങളില്‍ ഒന്നിച്ചുനിന്ന ചരിത്രമാണ് നമുക്കുള്ളത്. അവരുടെ പിന്മുറക്കാരായ നമുക്കും അതിന്റെ പൈതൃകത്തില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. കൊളോണിയല്‍ അധിനിവേശ ശക്തികളാണ് ബഹുസ്വരമായ ഐക്യത്തെ, വിവിധ മതസമുഹങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ കടക്കു കത്തിവെച്ചത്.
വിവര സാങ്കേതിക വിദ്യയില്‍ കാലദേശ വ്യതിയാനങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. വെര്‍ച്വല്‍ സ്‌പേസ് എന്നു വിളിക്കപ്പെടുന്ന ഇന്റര്‍നെറ്റിന്റെ ലോകം ഭരിക്കുന്നത് യുവാക്കളാണിന്ന്. ഇന്ന് വീശിയടിച്ചുകൊണ്ടിരിക്കുന്ന അറബ് വസന്തത്തിന് ഗതിവേഗം ലഭിച്ചത് യുവാക്കളുടെ അത്തരത്തിലുള്ള ഇടപെടലുകളാണ്.
കച്ചവടത്തിലൂടെയും സാസ്‌കാരിക വിനിമയങ്ങളിലൂടെയും ഖത്തറും കേരളവും സൃഷ്ടിച്ചെടുത്ത ബന്ധം പുതിയ കാലത്ത് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടുപോയ ഈ കണ്ണികള്‍ ചേര്‍ത്തിണക്കാന്‍ യൂത്ത് ഫോറത്തിന് സാധിക്കേണ്ടതുണ്ട്. പ്രവാസ ജീവിതത്തെ അരണ്ട ജീവിതമായി കാണരുത്. പ്രവാസം സ്ഥലകാല ദേശമന്യേ പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ലോകത്തെവിടെയിരുന്നും സ്വന്തം നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധ്യമാക്കുന്ന സാങ്കേതിക നമുക്ക് ലഭ്യമാണ്. യുവത്വം ആയുധമാക്കുകയും സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ നമുക്കു കഴിയണം.
പരിപാടികള്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം യൂത്ത് ആക്ടിവിറ്റീസ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സാംസ്‌കാരിക മന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ പങ്കെടുക്കുന്നതെന്നും സാംസ്‌കാരിക മന്ത്രിയുടെ ആശീര്‍വാദങ്ങള്‍ സമ്മേളത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാംസ്‌കാരിക മന്ത്രാലയവുമായി ഒന്നിച്ചു നില്‍ക്കാന്‍ യൂത്ത് ഫോറത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രകാശനം ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സോഷ്യല്‍ ആക്റ്റിവിറ്റീസ് ആന്റ് ഇവന്റ്‌സ് വകുപ്പ് തലവന്‍ നാസര്‍ മുഹമ്മദ് അല്‍ ജാബിരി നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ ബുള്ളറ്റിന്‍ മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ നിര്‍വഹിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് സാജിദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എസ്.എ. ഫിറോസ് സ്വാഗതം പറഞ്ഞു. നിസ്താര്‍ ഗുരുവായൂരും സംഘവും ഗാനമാലപിച്ചു.
0 comments:
Post a Comment