തണ്ണിമത്തങ്ങ (ഒന്നാം സമ്മാനാര്‍ഹമായ കവിത)

യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കവിത രചന മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കവിത

തണ്ണിമത്തങ്ങ    -  ഷമീർ ഹസ്സൻ


മുറിച്ചുവെച്ച തണ്ണിമത്തങ്ങയുടെ
ഒരു പാതിയ്ക്ക് നിറം കൂടുതലെന്നും
മറുപാതിയ്ക്ക് കുറവെന്നും വിലയിരുത്താൻ
ക്ഷുഭിത യൗവനങ്ങളെ പഠിപ്പിച്ചതാരാണ്?
ചൂട് കൂടിയാലും കുറഞ്ഞാലും
വിപണിയിൽ ഇപ്പോൾ
തണ്ണിമത്തങ്ങ സുലഭമാണ്.

അഴിമതിക്കാരെ തുറുങ്കിലടക്കുക,
കള്ളപ്പണം കണ്ടുകെട്ടുക, ............
സമരയൗവനം ജനമനസ്സുകളില്‍
ഓളമാകുന്നുണ്ട്.

പ്രചാരണ ജാഥ നാടുണര്‍ത്തി
കേമമായിട്ടുണ്ട്.
തെക്കന്‍മേഖലാ ജാഥ കോയോട്ട് നിന്നാരംഭിച്ച്
നുഞ്ഞിങ്കാവില്‍സമാപിച്ചിട്ടുണ്ട്.
കോട്ടക്കില്‍കടവ്, അടുത്തില എന്നിവിടങ്ങളില്‍
വരവേല്‍പ്പ് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച
തോട്ടട നിന്നാരംഭിച്ച് ജാഥ
പിണറായിയില്‍സമാപിക്കുന്നുമുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

അനുയായി ആത്മഹത്യക്ക് ശ്രമിച്ചത്
നാടകീയരംഗങ്ങള്‍സൃഷ്ടിച്ചിട്ടുണ്ട്
ഒറ്റിയവന്റെ ചുടുചോരയ്ക്ക്
ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്.
കൊടുംചൂടിലും സമരകാഹളം മുഴക്കി
ശവകുടീരത്തിൽ പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.


ചൂടിനെ ചുട്ടെടുക്കാൻ
വലിയ സമരപ്പന്തല്‍തന്നെ
കെട്ടിയിട്ടുണ്ട്.
പിന്നിലുള്ളവര്‍ക്ക് നേതാക്കളെ കാണാനും
പ്രഭാഷണം കേള്‍ക്കുന്നതിനും
വലിയ സ്‌ക്രീനുകള്‍ഏര്‍പ്പാടാക്കിയിട്ടുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

മാസപ്പടിയുമായി
വന്‍കിടക്കാരുടെ ഇടപെടല്‍
ദൈവം വരമ്പത്ത് കൂലിയുമായി
നില്‍ക്കുന്നുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്
വരമ്പത്ത് കുന്തിച്ചിരുന്ന് കഞ്ചാവ് പുകച്ച്
ചങ്കിൽ കൊണ്ട അസ്ത്രങ്ങൾ
ഒന്നൊന്നായി ഊരിമാറ്റുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

അടിയിൽ പച്ചയെന്നും
മുകളിൽ കുങ്കുമമെന്നും
നടുവിൽ വെളുപ്പെന്നും
അടയാളപ്പെടുത്തി
ആർത്തലച്ചു പെയ്യുന്ന
മഴയുടെ വരവും കാത്ത്
ഉമ്മറപ്പടിയിൽ തന്നെ
പുരികം ചുളിച്ച്  കാത്തിരിക്കുന്നുണ്ട്
നടുവിലെ കുറച്ച് കുരുപോലുള്ള കാലുകൾ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons